തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ കാണ്ടാമൃഗം
തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ കാണ്ടാമൃഗം
picture courtesy Google images
1959-ൽ ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് കാക്കറെക്കോ എന്ന കാണ്ടാമൃഗത്തെ വോട്ടർമാർ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. റിയോ ഡി ജനീറോയുടെ മൃഗശാലയിൽ നിന്ന് ആയിടയ്ക്ക് ഉദ്ഘാടനം ചെയ്ത സാവോ പോളോ മൃഗശാലയിലേക്ക് കൊണ്ട് വന്ന പ്രാദേശിക താരമായ കാക്കറെക്കോ എന്ന 5 വയസ്സുള്ള കാണ്ടാമൃഗമായിരുന്നു പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയിച്ചു ചരിത്രത്തിൽ ഇടം നേടിയത്.
സാവോ പോളോയിയിൽ അക്കാലത്ത് അഴിമതി വ്യാപകമായിരുന്നു, മാലിന്യങ്ങൾ ശേഖരിക്കപ്പെടാതെ കുന്നുകൂടി, മലിനജലം കവിഞ്ഞൊഴുകി, പണപ്പെരുപ്പം വർദ്ധിച്ചു, അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ മാംസം, ബീൻസ് എന്നിവയ്‌ക്ക് ദൗർലഭ്യം നേരിട്ടു . ഇതിൽ നിരാശരായ പ്രദേശ വാസികൾ “കഴുതയേക്കാൾ കാണ്ടാമൃഗത്തെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്” എന്ന് പറഞ്ഞു കാക്കറെക്കോയുടെ പേരിനൊപ്പം 200,000 ബാലറ്റുകൾ അച്ചടിച്ച് വിതരണം ചെയ്തു.
തിരഞ്ഞെടുപ്പ് ദിവസം, കാക്കറെക്കോ വിജയിച്ചെന്ന് മാത്രമല്ല, ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടി റെക്കോഡ് ഇട്ടു. ബ്രസീലിന്റെ അത് വരെയുള്ള ചരിത്രത്തിൽ ഒരു പ്രാദേശിക സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന വോട്ട് ലീഡ് ആയിരുന്നു അത്.
picture courtesy Google images
പരാജയപ്പെട്ട സ്ഥാനാർത്ഥികളിൽ ഒരാൾ, ഒരു മൃഗത്തോട് തോറ്റതിൽ അപമാനിതനായി ആത്മഹത്യ ചെയ്തു. കാക്കറെക്കോയുടെ വിജയം ബ്രസീലിലെ ബൗദ്ധിക-രാഷ്ട്രീയ വൃത്തങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചു. രാജ്യം കലാപത്തിന്റെ വക്കിലാണെന്ന് വ്യാഖ്യാനിക്കപെട്ടു. ഒടുവിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആ പെൺകാണ്ടാമൃഗത്തിന്റെ ബാലറ്റുകൾ അസാധുവാക്കി ആഴ്ചകൾക്കു ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തി.
1962-ൽ കാക്കറെക്കോ മരിച്ചു, "വോട്ടോ കാക്കറെക്കോ" എന്നത് പിന്നീട് പോർട്ടുഗീസ് ഭാഷയിൽ പ്രതിഷേധ വോട്ടിനെ സൂചിപ്പിക്കുന്ന പദമായി മാറി.
informative
ReplyDelete